പുനെ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് പ്രൊഫ. മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. ബുധനാഴ്ച രാത്രി പുനെയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മകന് സിദ്ധാര്‍ത്ഥ ഗാഡ്ഗിലാണ് മരണവിവരം പുറത്തുവിട്ടത്. സംസ്കാരം ഇന്ന് വൈകീട്ട് നാലിന്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ ഗാഡ്ഗില്‍ കമ്മിറ്റി എന്ന പേരിലറിയപ്പെട്ട സംഘം 2011ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പശ്ചിമഘട്ടത്തിലെ 1,29,037 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുടെ മുക്കാല്‍ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ ഏറെ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.
നാശഭീഷണി നേരിടുന്ന പശ്ചിമഘട്ടത്തെ 3 മേഖലകളായി തിരിച്ച് പരിഹാരനിര്ദേശങ്ങള് മുന്നോട്ടുവെച്ച റിപ്പോര്‍ട്ട്, ചില മേഖലകളില്‍ ഖനനവും നിര്‍മ്മാണവും പാറപൊട്ടിക്കലും മണ്ണെടുക്കലും നിരോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഇതുവരെ പൂര്‍ണമായി നടപ്പാക്കിയിട്ടില്ല. പരിസ്ഥിതി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭ (യു.എന്‍) നല്കുന്ന പരമോന്നത ബഹുമതിയായ ‘ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്കാരം 2024ല്‍ ലഭിച്ചു. രാജ്യം പത്മശ്രീ (1981), പത്മഭൂഷന്‍ (2006) ബഹുമതികള്‍ നല്കി ആദരിച്ചു.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു തുടക്കത്തില്‍ കേരളത്തില്‍ ഏറെ എതിര്‍പ്പുകള്‍ നേരിട്ടെങ്കിലും 2018ലെ പ്രളയത്തിനും പ്രകൃതിക്ഷോഭങ്ങള്‍ക്കും ശേഷം പരക്കെ സ്വീകാര്യത ലഭിച്ചു. വയനാട്ടില്‍ 2024ലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം ക്വാറികളുടെ നിരന്തര പ്രവര്‍ത്തനവും പാറപൊട്ടിക്കലും കാരണമാണെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞിരുന്നു. കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഇനിയും അപകടങ്ങളുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Trending
- പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചം രാഷ്ട്ര ബജറ്റിലേക്ക് ചേര്‍ക്കാന്‍ പാര്‍ലമെന്റ് നിയമം പാസാക്കി
- എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ബാഗേജ് ചാര്‍ജ് ഇളവ്
- പൊതുനിരത്തില്‍ കാറോട്ടമത്സരം: രണ്ടു പേര്‍ക്ക് തടയും പിഴയും
- ജി.സി.സി. സായുധ സേനാ സൈനിക സഹകരണ ഡയറക്ടര്‍മാരുടെ യോഗം സമാപിച്ചു
- പ്രൊഫ. മാധവ് ഗാഡ്ഗില്‍ അന്തരിച്ചു
- ഐ.ജി.എ. ലേബര്‍ ഫോഴ്സ് സര്‍വേ 2026 ആരംഭിച്ചു
- ഡോ.ശ്രീചിത്ര പ്രദീപ് ഒരുക്കുന്ന ‘ഞാന്‍ കര്ണ്ണന്2 – 10 ന് റിലീസ് ചെയ്യും.
- “ഹർഷം 2026” പത്തനംതിട്ട ഫെസ്റ്റ്-പായസ മൽസരം സംഘടിപ്പിക്കുന്നു

