മനാമ: ശ്രീനാരായണ ഗുരുവിന്റെ 169ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ ഇന്ത്യൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് റാഡിസൺ ബ്ലൂ ഹോട്ടലിൽ പ്രത്യേക ക്ഷണിതാക്കൾക്കായി സംഘടിപ്പിച്ച ‘ട്രിബ്യൂട്ട് ടു ബഹ്റൈൻ’ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ പൊളിറ്റിക്കൽ അഫയേഴ്സ് അണ്ടർസെക്രട്ടറി ഡോ: ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ, , വ്യവസായപ്രമുഖനും ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ്, ബഹ്റൈനിലെ ശ്രീനാരായണ കൂട്ടായ്മയുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് നടന്ന ചടങ്ങിൽ മുൻ രാഷ്ടപതി എം എ യൂസഫലിയെ ആദരിച്ചു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും പ്രവാസികളുടെ പ്രാധാന്യത്തെക്കുറിച്ചും മുൻ രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. രാംനാഥ് കോവിന്ദ്ജിയുമായി ദീർഘകാല ബന്ധമാണുള്ളതെന്ന് ചടങ്ങിൽ എം എ യൂസഫലി പറഞ്ഞു. 2019 മുതൽ രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദ്ജിയുടെ കാലഘട്ടത്തിലാണ് കോവിഡ് ലോകമൊട്ടാകെ ഉണ്ടായത്. ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകൾ ഓർക്കുന്നതായി യൂസഫ് അലി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ മഹത്തായ സന്ദേശങ്ങൾ, നവോത്ഥാന പ്രവർത്തനങ്ങൾ, മതങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നിവയെ കുറിച്ച് യൂസഫ് അലി സംസാരിച്ചു.