കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും. ശിവശങ്കർ ചികിത്സയിൽ കഴിയുന്ന ആയുർവേദ ആശുപത്രിയിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്.
നേരത്തെ ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ തന്നെ ശിവശങ്കറിനെ ഉദ്യോഗസ്ഥർ കസ്റ്റിഡിയിലെടുക്കുകയായിരുന്നു.
സ്വർണകടത്തിന്റെ ഗൂഢാലോചനയിൽ എം. ശിവശങ്കറിന് സജീവ പങ്കുണ്ടെന്നാണ് എൻഫോഴ്സ്മെന്റിന്റെ വാദം. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നും എൻഫോഴ്സ്മെന്റ് വാദിച്ചു. മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്. അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ നാടകമായിരുന്നു ആശുപത്രി വാസമെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കർ കോടതിയെ സമീപിച്ചതെന്നും കസ്റ്റംസ് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുൻകൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജൻസികൾ വാദിച്ചു.