കാസര്‍കോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണ സംഘം നൽകിയ കസ്റ്റഡിയപേക്ഷയിൽ എം. സി കമറുദ്ദീനെ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ നിർദേശം. കമറുദ്ദീനെ കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും കസ്റ്റഡി അപേക്ഷയിൽ തീരുമാനം ഉണ്ടാകുക. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കമറുദ്ദീനെ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് വിവരം.
അതേസമയം കമറുദ്ദീനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് അഭിഭാഷകൻ സി കെ ശ്രീധരൻ കോടതിയിൽ വാദിച്ചു. കമറുദ്ദീനെതിരെ ചുമത്തിയ ഐപിസി 406, 409 വകുപ്പുകൾ നിലനിൽക്കില്ലെന്നായിരുന്ന ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദിച്ചത്. പരാതിക്കർ പോലും ഉന്നയിക്കാത്ത ക്രിമിനൽ കുറ്റം ചുമത്തിയത് രാഷ്ടീയ താത്പര്യത്തോടെയാണ്. ബിസിനസ് ആവശ്യത്തിന് വേണ്ടി സ്വീകരിച്ച നിക്ഷേപമായതിനാൽ ക്രിമിനൽ കേസായി പരിഗണിക്കരുതെന്നും, കടുത്ത പ്രമേഹരോഗിയായ കമറുദ്ദീന്റെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ റിമാൻഡ് ചെയ്തതെന്നടക്കമുള്ള കാര്യങ്ങളും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.