മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ ആരംഭിച്ച കൊറിയൻ ഭക്ഷ്യമേളക്ക് മികച്ച ജനപ്രീതിയോടെ തുടരുന്നു. കൊറിയൻ എംബസിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ഭക്ഷ്യമേള കൊറിയൻ അംബാസഡർ ചുങ് ഹേ ക്വാൻ ഉദ്ഘാടനം ചെയ്തു. ദാന മാൾ, ജുഫൈർ മാൾ, ആട്രിയം മാൾ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിവിധതരത്തിലുള്ള കൊറിയൻ രുചികളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. നവംബർ 17 വരെ തുടരുന്ന ഭക്ഷ്യമേളയോടനുബന്ധിച്ച് കിംചി, പാൻകേക്ക്, സ്വീറ്റ് കൊറിയൻ പാൻകേക്ക്, സോസുകൾ തുടങ്ങിയവ ലഭ്യമാണ്.

ഷോപ്പർമാർക്ക് മികച്ച അനുഭവമാണ് കൊറിയൻ ഭക്ഷ്യമേള സമ്മാനിക്കുന്നത്. നാല് ദീനാറിന് മുകളിൽ കൊറിയൻ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ലുലു ഗിഫ്റ്റ് വൗച്ചറിന്റെ രൂപത്തിൽ 30 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.

ഭക്ഷ്യമേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കൊറിയൻ സംഗീത പരിപാടിയുമുണ്ടായിരുന്നു. കൊറിയയുടെ സാംസ്കാരിക സവിശേഷതകൾ ബഹ്റൈനുമായി പങ്കുവെക്കുന്നതിനാണ് ലുലുവുമായി സഹകരിച്ച് ഭക്ഷ്യമേള സംഘടിപ്പിക്കുന്നതെന്ന് കൊറിയൻ അംബാസഡർ പറഞ്ഞു.

കൊറിയയും ബഹ്റൈനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 45-ാം വാർഷികമാണ്. ബഹ്റൈൻ ഷോപ്പർമാർക്കായി കൊറിയൻ ഭക്ഷണം പ്രദർശിപ്പിക്കുന്നതിൽ ലുലു വളരെ സന്തുഷ്ടരാണെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസർ രൂപവാല പറഞ്ഞു.
