
മനാമ: ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വരവേൽക്കാൻ ഒരുങ്ങി ബഹ്റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റുകൾ. പ്രത്യേക മധുരപലഹാരങ്ങളുടെ ഒരു നീണ്ട നിരതന്നെയാണ് ഉപഭോക്താക്കൾക്കായി ലുലു ഒരുക്കിയിരിക്കുന്നത്. ദാന മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ 80-ലധികം ഇനം മധുരപലഹാരങ്ങളാണ് ദീപാവലി ആഘോഷങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. കോർപറേറ്റ് ഓർഡറുകൾ സ്വീകരിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മനോഹരമായ സമ്മാനപ്പൊതികളാക്കി മധുരപലഹാരങ്ങൾ സമ്മാനിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

‘ലുലു വാലി ദീവാലി’ എന്ന പേരിൽ നടത്തുന്ന ദീപാവലി ആഘോഷം ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. മൺചെരാതിലുള്ള ദീപാവലി ദീപം തെളിച്ചാണ് അദ്ദേഹം ആഘോഷത്തിന് തുടക്കംകുറിച്ചത്. ലുലുവിന്റെ ഫാഷൻ വിഭാഗത്തിലെ ഡിസൈനർ സാരികൾ അണിഞ്ഞ വനിതകൾ അതിഥികളെ വരവേറ്റു.

വൈവിധ്യത്തോടും താങ്ങാനാവുന്ന വിലയോടും കൂടി ഉപഭോക്താക്കളുടെ എല്ലാ ഉത്സവകാല അവശ്യവസ്തുക്കളും ഒരിടത്ത് വാങ്ങാൻ സാധിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

തങ്ങളുടെ പല ഉപഭോക്താക്കളുടേയും ഒരു പ്രധാന ആഘോഷമാണ് ദീപാവലി. ഈ ആഘോഷങ്ങളുടെയും സന്തോഷത്തിന്റെയും ഭാഗമാകാൻ ലുലു ആഗ്രഹിക്കുന്നു. ഫാഷൻ, മധുരം, ഭക്ഷണം, സമ്മാനങ്ങൾ തുടങ്ങി ദീപാവലിക്ക് വേണ്ടതെല്ലാം ലുലുവിൽ ശ്രദ്ധാപൂർവ്വം സജ്ജീകരിച്ചിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസർ രൂപാവാല പറഞ്ഞു.
