
മനാമ: ബഹ്റൈനിലെ കാന്‍സര്‍ ബാധിതരായ കുട്ടികളെ സഹായിക്കാനും അവരുടെ കുടുംബങ്ങള്‍ക്ക് മാനസിക, സാമൂഹിക പിന്തുണ നല്‍കാനുമുള്ള ‘സ്മൈല്‍ ഡോക്കാന്‍’ പരിപാടി ദാന മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ചു.
ലുലു ഗ്രൂപ്പ് ബഹ്റൈന്‍ ഡയരക്ടര്‍ സുസര്‍ രൂപവാല, ഫ്യൂച്ചര്‍ സൊസൈറ്റി ഫോര്‍ യൂത്ത് ചെയര്മാന് സബാഹ് അല്‍ സയാനി, ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
ഉയര്‍ന്ന നിലവാരമുള്ളതും സൃഷ്ടിപരമായി രൂപകല്‍പ്പന ചെയ്തതുമായ നിരവധി ഉല്‍പ്പന്നങ്ങള്‍ ഈ പരിപാടി വഴി വില്‍ക്കുന്നു. ഇവയെല്ലാം ഒരുകൂട്ടം ബഹ്റൈനി യുവാക്കളുമായി സഹകരിച്ച് നിര്‍മിച്ചവയാണ്. ഇതുവഴി സ്ഥിരം വരുമാന സ്രോതസ് ഉറപ്പാക്കുകയും അത് കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായം നല്കാന് വിനിയോഗിക്കുകയും ചെയ്യുന്നു.
ദാന മാളിലെ മാര്‍ക്കറ്റിനു പുറമെ രാജ്യത്തെ മറ്റു ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശാഖകളിലും അനുബന്ധ മാളുകളിലും ഭാവിയില്‍ ഈ പദ്ധതി നടപ്പാക്കാന്‍ പദ്ധതിയുണ്ടെന്ന് ലുലു അധികൃതര്‍ അറിയിച്ചു.
