
മനാമ: ബഹ്റൈനിലെ ക്രൗൺ പ്രിൻസ് ഇന്റർനാഷണൽ സ്കോളർഷിപ്പ് പ്രോഗ്രാമിന് (സി.പി.ഐ.എസ്.പി) ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ധനസഹായം നൽകി.
ലുലു ഗ്രൂപ്പിന്റെ ‘സിൽവർ’ സ്പോൺസർഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് സഹായം. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഡയറക്ടർ ജൂസർ രൂപവാല കിരീടാവകാശിയുടെ കോർട്ടിലെത്തി അദ്ദേഹത്തിൻ്റെ രാഷ്ട്രീയ, സാമ്പത്തിക കാര്യ ഉപദേഷ്ടാവും ക്രൗൺ പ്രിൻസ് ഇന്റർനാഷണൽ സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തലവനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ ഈസ അൽ ഖലീഫയ്ക്കാണ് ചെക്ക് കൈമാറിയത്.
ലുലു ഗ്രൂപ്പിന്റെ തുടർച്ചയായ പിന്തുണയ്ക്ക് ശൈഖ് മുഹമ്മദ് ബിൻ ഈസ നന്ദി രേഖപ്പെടുത്തി. പ്രോഗ്രാമിന്റെ ദൂരവ്യാപകമായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സ്പോൺസർമാർ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച ബഹ്റൈനി വിദ്യാർത്ഥികൾക്ക് ഉന്നതതല സർവകലാശാലകളിൽ പഠിക്കാനുള്ള അവസരങ്ങൾ നൽകുക, വ്യത്യസ്ത സംസ്കാരങ്ങളുമായുള്ള അവരുടെ സമ്പർക്കം വിശാലമാക്കുക, ആഗോള തൊഴിൽ വിപണിയിൽ മത്സരിക്കാൻ അവരെ സജ്ജമാക്കുക എന്നിവ സ്കോളർഷിപ്പ് പ്രോഗ്രാമിൽ ഉൾപ്പെടുന്നു.
