
ന്യൂഡൽഹി: ഇന്ത്യന്‍ ജൈവ കാര്ഷികോല്പന്നങ്ങളുടെ ആഗോള വിപണി വ്യാപിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള അഗ്രികള്‍ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി(എ.പി.ഇ.ഡി.എ)യും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലും ധാരണാപത്രം ഒപ്പുവച്ചു.
ഇതനുസരിച്ച് ലുലു ഗ്രൂപ്പിന്റെ യു.എ.ഇയിലുടനീളമുള്ള വിപണനകേന്ദ്രങ്ങളില് വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ജൈവ കാര്ഷികോല്പന്നങ്ങള് വില്‍പ്പനയ്ക്കെത്തിക്കും. കര്‍ഷക സംഘടനകള്‍, കാര്ഷികോല്പന്ന കമ്പനികള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയെ ലുലു ഗ്രൂപ്പുമായി ഏകോപിപ്പിച്ച് എ.പി.ഇ.ഡി.എ. വിപണനത്തെ പിന്തുണയ്ക്കും.
യു.എ.ഇ. വിദേശ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയൂദിയുടെ സാന്നിധ്യത്തില്‍ മുംബൈയിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുകളുടെയും റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെയും വിപുലമായ ശൃംഖലയിലൂടെ ഇന്ത്യന്‍ കാര്ഷികോല്പന്നങ്ങളുടെ വിപണനം അന്താരാഷ്ട്ര വിപണികളില്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രം.
യു.എ.ഇയിലെ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ റീട്ടെയില്‍ വ്യവസായത്തിലെ ട്രെന്‍ഡ്സെറ്റര്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഇവിടങ്ങളില്‍ 250ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ലുലു ഗ്രൂപ്പിനുണ്ട്.
