മനാമ: ലുലു ഗ്രൂപ്പ് ഗസ്സയിലേക്കുള്ള ദുരിതാശ്വാസ സഹായം തുടരുന്നു. ഭക്ഷ്യോൽപന്നങ്ങൾ, ശുചിത്വ വസ്തുക്കൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ അടങ്ങുന്ന 50 ടൺ സഹായം ലുലു ഗ്രൂപ്പ് കെയ്റോയിലെ ഈജിപ്ത് റെഡ് ക്രസന്റ് അധികൃതർക്ക് കൈമാറി. ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമായി ലുലു ഗ്രൂപ്പ് അയക്കുന്ന രണ്ടാമത്തെ ബാച്ച് സഹായമാണിത്.
ദുരിതാശ്വാസ സാമഗ്രികൾ ലുലു ഈജിപ്ത് മാർക്കറ്റിങ് മാനേജർ ഹാതിം സെയ്ദിൽ നിന്ന് ഈജിപ്ത് റെഡ് ക്രസന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. റാമി അൽ നാസർ ഏറ്റുവാങ്ങി. ലുലു ഈജിപ്ത് -ബഹ്റൈൻ ഡയറക്ടർ ജൂസർ രൂപാവാല, റീജണൽ ഡയറക്ടർ ഹുസേഫ ഖുറേഷി എന്നിവർ പങ്കെടുത്തു.
ഗസ്സയിലെ ജനങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്രയും വേഗം എത്തിക്കാനാണ് റെഡ് ക്രസന്റ് ലക്ഷ്യമിടുന്നതെന്ന് ഡോ. റാമി അൽ നാസർ പറഞ്ഞു. ലുലുവിന്റെ സഹായത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ഫലസ്തീനിലെ ജനങ്ങൾക്ക് പിന്തുണ നൽകുന്ന എം.എ. യൂസുഫലിക്കും ലുലു ഗ്രൂപ്പിനും നന്ദി അറിയിക്കുകയും ചെയ്തു. ഡിസംബറിൽ ഈജിപ്ത് റെഡ് ക്രസന്റ് വഴി ലുലു ഗ്രൂപ്പ് ഗസ്സയിലേക്ക് 50 ടൺ ദുരിതാശ്വാസ സാമഗ്രികൾ നൽകിയിരുന്നു.

