മനാമ: ബഹ്റൈനിലെ പ്രമുഖ ധനകാര്യ സേവന ദാതാക്കളായ ലുലു ഇൻറർനാഷണൽ എക്സ്ചേഞ്ചിന്റെ 15ാമത്തെ ശാഖ ദാന മാളിൽ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഓൺലൈൻ പരിപാടിയിൽ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. ലുലു ഇൻറർനാഷണൽ എക്സ്ചേഞ്ച് ബഹ്റൈൻ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനോജിങ് ഡയറക്ടർ അദീബ് അഹമ്മദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയും ബഹ്റൈനും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയിൽ തന്നെ പുതിയ ശാഖ ഉദ്ഘാടനം ചെയ്തതിലെ സന്തോഷം ഇന്ത്യൻ അംബാസഡർ പങ്കുവെച്ചു. ബഹ്റൈന്റെ നിക്ഷേപ സൗഹൃദ നയത്തിന്റെയും വ്യവസായങ്ങൾക്ക് വളരാനുള്ള അനുകൂല സാഹചര്യത്തിെൻറയും തെളിവാണ് പുതിയ ശാഖയുടെ ആരംഭം. ബഹ്റൈനിലെ ആയിരക്കണക്കിന് പ്രവകാസികൾക്ക് പുതിയ ശാഖ പ്രയോജനകരമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ 238ാമത്തെ ആഗോള ശാഖയാണ് ദാന മാളിൽ തുറന്നത്. വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് നവീന ധനകാര്യ സേവനങ്ങൾ നൽകാൻ ആത്മാർഥതയോടെ പ്രവർത്തിക്കുന്ന ടീം അംഗങ്ങളെ മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് അഭിനന്ദിച്ചു.
