മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലെ സൗഹൃദബന്ധത്തിന്റെ 50ാം വാർഷികാഘോഷം ലുലു ഹൈപർ മാർക്കറ്റിൽ തുടങ്ങി. ദാന മാളിൽ ബുധനാഴ്ച നടന്ന വർണാഭമായ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയത്തിലെ കമേഴ്സ്യൽ രജിസ്ട്രേഷൻ & കമ്പനീസ് അണ്ടർ സെക്രട്ടറി നിബ്രാസ് മുഹമ്മദ് താലിബ്, ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല, എക്സ്പോർട്ട് ബഹ്റൈൻ ആക്ടിങ് സി.ഇ.ഒ സഫ ശരീഫ് അൽ ഖാലിഖ്, വ്യവസായപ്രമുഖർ, വിവിധ അസോസിയേഷനുകളുടെ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പരമ്പരാഗത ഇന്ത്യൻ രീതിയിലാണ് അംബാസഡറെ ലുലു മാളിലേക്ക് സ്വീകരിച്ചത്. ഉദ്ഘാടനച്ചടങ്ങിനുശേഷം ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ബന്ധം പ്രതിപാദിക്കുന്ന ഹ്രസ്വ വിഡിയോ പ്രദർശനം, ബഹ്റൈനി സംഗീത പരിപാടി, ലുലു ജീവനക്കാർ അവതരിപ്പിച്ച ഫ്ലാഷ് മോബ് എന്നിവയും ഒരുക്കിയിരുന്നു. ഷോപ്പർമാർക്ക് വ്യത്യസ്തമായൊരു അനുഭവം സമ്മാനിച്ചാണ് ഇന്ത്യ-ബഹ്റൈൻ സൗഹൃത്തിന്റെ അമ്പതാണ്ട് ലുലു ഹൈപർ മാർക്കറ്റ് ആഘോഷിക്കുന്നത്.

ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ശക്തമായ വ്യാപാരബന്ധത്തിന്റെ ഉദാഹരണമാണ് ലുലു ഗ്രൂപ് എന്ന് ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവ പറഞ്ഞു. ഇരുരാജ്യങ്ങളുടെയും പൈതൃകം ആഘോഷിക്കുന്നതിൽ ലുലു എന്നും മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് രാജ്യങ്ങളും തമ്മിൽ സമ്പന്നമായ വ്യാപാര, വാണിജ്യബന്ധമാണ് നിലനിൽക്കുന്നതെന്ന് നിബ്രാസ് മുഹമ്മദ് താലിബ് പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള സാമൂഹിക, സാമ്പത്തിക സഹകരണം ഇന്ത്യയെ ബഹ്റൈന്റെ പ്രധാനപ്പെട്ട വ്യാപാരപങ്കാളിയാക്കി മാറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ, ബഹ്റൈനി ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഗ്രോസറി, ഭക്ഷ്യ, ഭക്ഷ്യേതര വിഭവങ്ങൾ, പാലുൽപന്നങ്ങൾ, ലഗേജ്, ഫാഷൻ തുടങ്ങി വിവിധ ഉൽപന്നങ്ങൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. ആഘോഷം ഒക്ടോബർ 16വരെ നീണ്ടുനിൽക്കും.
