റിപ്പോർട്ട് : ടി.പി ജലാല്‍
മലപ്പുറം: ഒഴിവ് വരാന്‍ സാധ്യതയുള്ള അധ്യാപകരുടെ എണ്ണം പരിഗണിക്കാതെ എല്‍.പി.എസ്.എയുടെ മുഖ്യ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ തിരക്കിട്ട ശ്രമം. മലപ്പുറം ജില്ലയിലാണ് ഇത്തരത്തില്‍ വേര് തിരിവ് പ്രകടമാവുന്നത്. ജില്ലയില്‍ പ്രാഥമിക കണക്ക് പ്രകാരം തന്നെ ഇത്തവണ 8000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതു പ്രകാരം നൂറുകണക്കിന് അധ്യാപക ഒഴിവുകളും വരും. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ പിഎസ്സി ഇത്തവണ ആയിരം പേരുടെ ലിസ്റ്റ് മാത്രമാണ് പ്രസിദ്ധീകരിക്കാന്‍ പോവുന്നതത്രെ. ഇത് ഒഴിവുള്ള തസ്തികയുടെ രണ്ടിരട്ടി പോലും ആവുകയില്ല.
സാധാരണ ഗതിയില്‍ ഒഴിവുള്ള തസ്തികയുടെ അഞ്ചിരട്ടിയെങ്കിലും വേണമെന്നാണ് നിയമം. ഇത് പാലിക്കാതെയാണ് മുഖ്യപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ തിരക്കിട്ട നീക്കം നടത്തുന്നത്. ഇതിന് പുറമെ റിട്ടയര്‍മെന്റ, പ്രധാനാധ്യാപക പ്രമോഷന് മുഖേന ഉണ്ടാവുന്ന ഒഴിവുകളും പരിഗണിക്കേണ്ടതുണ്ട്. എല്പിഎസ്എയിലെ ചിലര്‍ യു.പി.എസ്.എ ലിസ്റ്റില്‍ ഉള്പെടാന് സാധ്യതയുള്ളതിനാല്‍ ആ ഒഴിവുകളും കൂടുതലായി വരും. ചുരുക്കത്തില്‍ ഇങ്ങിനെ വരാന്‍ പോവുന്ന ഒഴിവുകള്‍ മുഖ്യ ലിസ്റ്റില്‍ നിന്നും പുറത്താവും. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ തവണ അഞ്ഞൂറോളം ഒഴിവുകള്‍ അവശേഷിക്കേ ലിസ്റ്റിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇത് ഒരു പാഠമായി മുന്നിലുണ്ടായിട്ടും ഇത്തവണ കൂടുതല്‍ പേരെ ഉള്‍പെടുത്താതെ ലിസ്റ്റ് തയ്യാറാക്കാന്‍ ശ്രമിക്കുന്നത് നിരവധി ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തും. 3500 പേരെ എങ്കിലും ഉള്‍പെടുത്തി മുഖ്യ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാണ് പരീക്ഷയെഴുതിയവരുടെ ആവശ്യം. സ്റ്റാഫ് ഫിക്സേഷന് നടക്കുന്നതിന് മുമ്പ് തന്നെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനെതിരെ ഉദ്യോഗാര്‍ത്ഥികളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നവംബറിലാണ് എല്‍പിഎസ്എ പരീക്ഷ നടന്നത്.