
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഒഡിഷയ്ക്ക് മുകളിൽ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമർദം ദുർബലമായതിനു ശേഷം ഏകദേശം ജൂലൈ 19ന് വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടുമൊരു ന്യൂനമർദം രൂപപ്പെടാൻ സാധ്യത.
ഇതിന്റെ ഫലമായി ഈ സമയത്ത് അറബിക്കടലിലെ കാലവർഷക്കാറ്റ് സജീവമായി തന്നെ തുടരാനും കേരളത്തിൽ വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനപ്രകാരം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ശക്തിയാർജിച്ച് വടക്കോട്ട് സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ഈ സമയങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കാനിടയുണ്ട്.
ഐ.ഐ.ടി.എം. പൂനെയുടെ ആഴ്ച തിരിച്ചുള്ള മഴ പ്രവചനത്തിൽ അടുത്ത രണ്ടാഴ്ച കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

