തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടി ബഹിഷ്കരിച്ച ജീവനക്കാരുടെ ശമ്പളം പിടിക്കും. സർവീസ് നിർത്തിവെച്ചത് മൂലമുണ്ടായ നഷ്ടം ജീവനക്കാരിൽ നിന്ന് തന്നെ ഈടാക്കും. 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 9,49,510 രൂപയാണ് ഈടാക്കുക. ശമ്പളത്തിൽ നിന്ന് അഞ്ച് ഗഡുക്കളായാണ് പണം തിരിച്ചുപിടിക്കുക. പാപ്പനംകോട്, വികാസ് ഭവൻ സിറ്റി, പേരൂർക്കട ഡിപ്പോകളിലെ ജീവനക്കാരാണ് നടപടിക്ക് വിധേയരായത്.
ജൂൺ 26, ജൂലൈ 11 തീയതികളിൽ തിരുവനന്തപുരം ജില്ലയിലെ ഈ നാല് ഡിപ്പോകളിലെയും ജീവനക്കാർ സർവീസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്തിരുന്നു. സർവീസ് തടസ്സപ്പെടുത്തിയാണ് ഇവർ പ്രതിഷേധിച്ചത്. ഇതുമൂലമുണ്ടായ നഷ്ടം ജീവനക്കാരിൽ നിന്ന് തന്നെ ഈടാക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം.
അതേസമയം, പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി വീണ്ടും മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. തിങ്കളാഴ്ച ഗതാഗത മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.