മലപ്പുറം: നിയന്ത്രണം വിട്ട് മറിഞ്ഞ വലിയ ലോറി റോഡിലൂടെ നിരങ്ങിയെത്തി കാറും ബൈക്കും ഇടിച്ചുതെറിപ്പിച്ചു. മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസിലാണ് സംഭവം. അപകടത്തിൽപെട്ട് കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇന്ന് രാവിലെ 9.50ന് മലപ്പുറം മുണ്ടുപറമ്പ് -മച്ചിങ്ങൽ ബൈപാസിൽ ആണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തുനിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് റോഡിൽ ചരിഞ്ഞ് വീഴുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. റോഡിലൂടെ നിരങ്ങിനീങ്ങിയ ലോറി ആദ്യം ഒരു കാറിൽ ഇടിച്ചു. തുടര്ന്ന് കാര്, പിന്നിലെത്തിയ സ്കൂട്ടര് യാത്രക്കാരനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരൻ തെറിച്ചു വീഴുന്നതും ദൃശ്യത്തിൽ കാണാം. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.
ലോറി ഇറക്കത്തിൽ വച്ചാണ് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന ഇരുമ്പ് ഷീറ്റ് റോളുകൾ തെറിച്ച് വീണത് അപകടത്തിന്റെ ഭീകരത വർദ്ധിക്കാൻ കാരണമായി. നാലുപേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഉരുണ്ടുചെന്ന റോളുകൾക്കും സമീപത്തെ കടയുടെ ഷെഡിന്റെ തൂണിനും ഇടയിൽ കുടുങ്ങിപ്പോയ സ്കൂട്ടർ യാത്രികനെ 20 മിനിട്ട് നീണ്ട ശ്രമത്തിലൂടെ സാഹസികമായിട്ടാണ് രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ട കാറിനകത്ത് കുടുങ്ങിയ ആളെ ചില്ല് പൊട്ടിച്ചും പുറത്തെടുത്തു. ലോറിയ്ക്കും സ്കൂട്ടറിനും പുറമേ സമീപത്തെ സ്ഥാപനത്തിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങളും അപകടത്തിൽപ്പെട്ടു.
പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ രണ്ടത്താണി സ്വാഗതമാട് സ്വദേശി ചങ്ങരംചോലയിൽ മുഹമ്മദ് ഷാഫി (43), ലോറി ഡ്രൈവർ മഹാരാഷ്ട്ര സ്വദേശി ശങ്കർ (34) എന്നിവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ കാർ കെയർ സ്ഥാപനത്തിലെ ജീവനക്കാരൻ കൈനോട് സ്വദേശി ഫസീഹ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.