ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങി എൻഡിഎ. ബിജെപി അംഗമായ ഓം ബിർളയായിരുന്നു കഴിഞ്ഞ ലോക്സഭയിലും സ്പീക്കർ. രാജസ്ഥാനിലെ കോട്ടയിലെ എംപിയാണ് ബിർള. അദ്ദേഹം ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. കോൺഗ്രസ് നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷും സ്പീക്കർ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക നൽകിയിട്ടുണ്ട്. ഇതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കർ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങുകയാണ്.സ്പീക്കർ സ്ഥാനത്തേക്ക് കടുത്ത മത്സരം നടക്കുമെന്ന കാര്യം ഇതോടെ ഉറപ്പായിരിക്കുകയാണ് നേരത്തെ സ്പീക്കർ സ്ഥാനത്തേക്ക് ഇന്ത്യ സഖ്യം മത്സരിക്കില്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇത് തള്ളിയാണ് കൊടിക്കുന്നിൽ സുരേഷ് പത്രിക സമർപ്പിച്ചിരിക്കുന്നത്.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു എന്നിവർ ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തെക്കുറിച്ച് ചർച്ച നടത്തിയെങ്കിലും സമവായമായില്ല.ഏറ്റവും സീനിയർ ആയ കോൺഗ്രസ് എം പി കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കറാക്കാത്തതിനെ ചൊല്ലി ഇന്ത്യ സഖ്യം പാനൽ അംഗങ്ങൾ ഇന്നലെ സത്യപ്രതിജ്ഞ ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷാംഗങ്ങൾ ഭരണഘടനയുടെ ചെറുപതിപ്പുമായി പഴയ പാർലമെന്റ് മന്ദിരത്തിൽ (സംവിധാൻ ഭവൻ) നിന്ന് പ്രകടനമായാണ് എത്തിയത്.എട്ടുതവണ എം പിയായ കൊടിക്കുന്നിൽ സുരേഷിനെ അവഗണിച്ചാണ് ബി ജെ പി നേതാവും ഏഴ് തവണ അംഗവുമായ ഭർതൃഹരി മെഹ്താബിനെ പ്രോടേം സ്പീക്കർ ആക്കിയത് ഇതിനെതിരെയായിരുന്നു പ്രതിഷേധം.