ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. ആകെ 695 സ്ഥാനാര്‍ത്ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.
ഉത്തര്‍പ്രദേശിലെ അമേഠിയും റായ്ബറേലിയുമാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലങ്ങള്‍. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയും യുപി മന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ ദിനേശ് പ്രതാപ് സിങും തമ്മിലാണ് പ്രധാന മത്സരം. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോൺഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മ്മയെ നേരിടുന്നു.
ബിഹാര്‍ (5 മണ്ഡലങ്ങള്‍), ജമ്മു ആന്‍ഡ് കശ്മീര്‍ (1), ഝാര്‍ഖണ്ഡ് (3), ലഡാക്ക് (1), മഹാരാഷ്ട്ര (13), ഒഡീഷ (5), ഉത്തര്‍പ്രദേശ് (14), പശ്ചിമ ബംഗാള്‍ (7) സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളാണ് നാളെ പോളിങ് ബൂത്തിലെത്തുന്നത്. ഏഴു ഘട്ടങ്ങളായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ നാല് ഘട്ടങ്ങള്‍ ഇതിനകം പൂർത്തിയായിട്ടുണ്ട്. ഏപ്രില്‍ 19, 26, മെയ് 7, 13 എന്നീ ദിവസങ്ങളിലായായിരുന്നു വോട്ടെടുപ്പ് നടന്നത്. മെയ് 20, മെയ് 25, ജൂണ്‍ 01 തിയതികളിലായി അവസാന ഘട്ട വോട്ടെടുപ്പ് നടക്കും. ജൂണ്‍ നാലാം തിയതിയാണ് വോട്ടെണ്ണൽ.