തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ കേരളത്തിൽ മാർച്ച് 31 വരെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ദിവസങ്ങളിൽ പൊതുഗതാഗതം ഉണ്ടായിരിക്കില്ല. സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. അവശ്യ സേവനങ്ങൾ തടസമില്ലാതെ ജനങ്ങൾക്ക് ലഭ്യമാകും. റസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.എന്നാൽ ഹോം ഡെലിവറിക്ക് തടസ്സമില്ല. പെട്രോള്‍ പമ്പുകളും ആശുപത്രികളും പൂര്‍ണ്ണമായും പ്രവര്‍ത്തിക്കും. എല്‍പിജി വിതരണം മുടങ്ങില്ല. സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കും. കെഎസ്ആര്‍ടിസിയോ സ്വകാര്യബസോ സര്‍വ്വീസ് നടത്തില്ല. കടകളിൽ ചെല്ലുന്നവർ ശാരീരിക അകലം പാലിക്കണം. സംസ്ഥാനത്ത് കടകൾ രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണിവരെ മാത്രം തുറന്ന് പ്രവർത്തിക്കും. ബാങ്കുകൾ രണ്ടു മണിവരെ മാത്രം പ്രവർത്തിക്കും.ബാറുകൾ അടച്ചിടും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നിർബന്ധിത നിരീക്ഷണം ഏർപ്പെടുത്തും. ആരാധനാലയങ്ങളിൽ ജനങ്ങൾക്ക് പ്രവേശനമില്ല. ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക താമസ സൗകര്യം ഏർപ്പെടുത്തും. തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പാക്കും.
കാസർകോട് ജനങ്ങൾ പുറത്തിറങ്ങരുത്. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ്. ഒരു കാരണവശാലും ആൾക്കൂട്ടം അനുവദിക്കരുത്. നിരീക്ഷണത്തിലുള്ളവർ നിയന്ത്രണം ലംഘിച്ചാൽ ശക്തമായ നടപടിയും അറസ്റ്റും ഉണ്ടാകും. നിരീക്ഷണത്തിലുള്ളവർ നിയന്ത്രണം ലംഘിച്ചു പുറത്തിറങ്ങിയാൽ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. കാസർകോട് കടകൾ രാവിലെ 11 മണി മുതൽ 5 മണി വരെ തുറക്കും. വിദേശത്തുനിന്നെത്തുന്നവർ സ്വയം ജില്ലാ ഭരണകൂടത്തെ അറിയിക്കണം. നിരീക്ഷണത്തിലുള്ളവർക്ക് ആവശ്യമെങ്കിൽ ഭക്ഷണം എത്തിക്കും. ഇന്ന് കേരളത്തിൽ 28 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 25 പേർ യു.എ.ഇ യിൽ നിന്നെത്തിയവരാണ്.