
മനാമ: അംഗീകാരമില്ലാതെ പ്രവർത്തിച്ച മാൻപവർ ഏജൻസിക്കെതിരെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടപടി സ്വീകരിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി പ്രവർത്തിച്ചിരുന്ന ഏജൻസിയെ കണ്ടെത്തിയത്. ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് പ്രവാസികളെ ബഹ്റൈനിലേക്ക് കൊണ്ടുവരുകയാണ് ഇവർ ചെയ്തിരുന്നത്. എന്നാൽ, ഇവിടെ എത്തിയശേഷം പലരും ചൂഷണത്തിനിരയാവുകയായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ വ്യാജ തൊഴിൽപരസ്യങ്ങൾ നൽകിയാണ് ഇവർ ഇരകളെ കബളിപ്പിച്ചിരുന്നത്. പരസ്യം കണ്ട് കെണിയിൽ കുടുങ്ങുന്നവരിൽനിന്ന് വൻ തുക ഈടാക്കിയാണ് ബഹ്റൈനിൽ എത്തിച്ചിരുന്നത്.
സ്ഥാപനത്തിനെതിരെ തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അംഗീകാരമില്ലാത്ത റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ കെണിയിൽപെടാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രതപുലർത്തണമെന്ന് എൽ.എം.ആർ.എ ആവശ്യപ്പെട്ടു. അനധികൃത നടപടികൾ കണ്ടെത്തുന്നതിന് പരിശോധന തുടരുമെന്നും അറിയിച്ചു.
