മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് ക്യാപിറ്റൽ, സതേൺ, നോർത്തേൺ ഗവർണറേറ്റുകളിൽ മൂന്ന് സംയുക്ത പരിശോധന കാമ്പെയ്നുകൾ നടത്തി. തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരിഹരിക്കുന്നതിനായി വിവിധ സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധന നടത്തുന്നത്.
നിയന്ത്രണങ്ങളും നിയമങ്ങളും, പ്രത്യേകിച്ച് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമം, ബഹ്റൈനിലെ താമസ നിയമം എന്നിവ പാലിക്കുന്നതിന്റെ അളവ് നിർണ്ണയിക്കാൻ നിരവധി ഷോപ്പുകൾ, വർക്ക് സൈറ്റുകൾ, തൊഴിലാളികൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ സന്ദർശിച്ച് പരിശോധന കാമ്പെയ്നുകൾ നടത്തുന്നു. കാമ്പെയ്നുകളുടെ ഫലമായി നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തുകയും നിരവധി തൊഴിലാളികളെ അറസ്റ്റ് ചെയ്യാനും സാധിച്ചു.
സമൂഹത്തെ മൊത്തത്തിൽ സംരക്ഷിക്കുന്നതിനായി തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളും ക്രമരഹിതമായ തൊഴിലും പരിഹരിക്കുന്നതിനുള്ള സർക്കാർ ഏജൻസികളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി സമൂഹത്തിലെ എല്ലാ അംഗങ്ങളോടും ആഹ്വാനം ചെയ്തു. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അതോറിറ്റിയുടെ കോൾ സെന്റർ നമ്പറായ 17506055 വിളിക്കണമെന്നും അധികൃതർ അറിയിച്ചു.