മനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമവിരുദ്ധ തൊഴിലാളികളുടെ സാന്നിധ്യം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന എൽ.എം.ആർ.എ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ക്യാപിറ്റൽ, നോർത്തേൺ ഗവർണറേറ്റുകളിൽ എൽ.എം.ആർ.എ പരിശോധനാ കാമ്പെയ്നുകൾ നടത്തി. വാണിജ്യ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, പ്രവാസി തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാനും പേരെ പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എൽ.എം.ആർ.എ അധികൃതർ വ്യക്തമാക്കി.
തൊഴിൽ മന്ത്രാലയം, നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻറ്സ് അഫയേഴ്സ്, ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ്, മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയം എന്നിവയുമായി ഏകോപിപ്പിച്ചാണ് പരിശോധന നടന്നത്. നിയമലംഘനങ്ങൾ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.lmra.gov.bhൽ റിപ്പോർട്ട് ചെയ്യാം. അതോറിറ്റിയുടെ കാൾസെന്റർ 17506055ലേക്ക് വിളിച്ചും നിയമലംഘനങ്ങൾ അറിയിക്കാം.