മനാമ: ബഹ്റൈനിൽ നിയമ വിരുദ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധന ശക്തമാക്കി. നിയമവിരുദ്ധ തൊഴിൽ തടയുന്നതിനായി സംയുക്ത പരിശോധന ക്യാമ്പയിൻ ആണ് നടക്കുന്നത്. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി എൽഎംആർഎയും ആഭ്യന്തര മന്ത്രാലയവും നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ പരിശോധന കാമ്പെയ്നുകൾ.
തൊഴിൽരംഗത്തെ അനധികൃത നടപടികൾ തടയുന്നതിന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നോർത്തേൺ ഗവർണറേറ്റ് പരിധിയിലെ നിരവധി തൊഴിലിടങ്ങളിൽ പരിശോധന നടത്തി. എല്ലാ ഗവർണറേറ്റുകളിലും അധികൃതർ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റെസിഡന്റ്സ് അഫയേഴ്സുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.എൽ.എം.ആർ.എ, എമിഗ്രേഷൻ നിയമങ്ങളുടെ ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. അനധികൃത തൊഴിൽരീതികൾ ഇല്ലാതാക്കി രാജ്യത്തെ തൊഴിലന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് എൽ.എം.ആർ.എയും ആഭ്യന്തര മന്ത്രാലയവും നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന നടത്തിയത്.
സാമ്പത്തിക, ആരോഗ്യ, സാമൂഹിക സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ സമൂഹത്തിന്റെ സുപ്രധാന പങ്ക് എൽ.എം.ആർ.എ വിശദമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 17506055 എന്ന എൽ.എം.ആർ.എ കാൾ സെന്റർ നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.