മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽഎംആർഎ) സിഇഒയും വ്യക്തികളെ കടത്തുന്നത് തടയുന്നതിനുള്ള ദേശീയ സമിതി ചെയർമാനുമായ ജമാൽ അബ്ദുൽ അസീസ് അൽ അലവി ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി.
നിക്ഷേപകരുടെയും ബിസിനസുകാരുടെയും പുരോഗതിയെക്കുറിച്ചും ജോലി സുഗമമാക്കുന്നതിന് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും സിഇഒ ചർച്ച ചെയ്തു. തൊഴിൽ അന്തരീക്ഷത്തിന്റെ നിലവാരം ഉയർത്തുന്നതിനും തൊഴിലാളികളെ സംരക്ഷിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു.
ബഹ്റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ അവസ്ഥകൾ അൽ അലവി അവലോകനം ചെയ്തു. തൊഴിലുടമയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തൊഴിലാളിക്ക് സംരക്ഷണം നൽകുന്ന ഉചിതമായ തൊഴിൽ അന്തരീക്ഷം നിലനിർത്താൻ സഹായിക്കുന്ന നിയമങ്ങൾ വികസിപ്പിക്കുന്നതിന് രാജ്യം നടത്തുന്ന ശ്രമങ്ങളെയും പരാമർശിച്ചു.
എല്ലാ തൊഴിലാളികൾക്കും എൽഎംആർഎ നൽകുന്ന പരിചരണത്തെ അംബാസഡർ പ്രശംസിച്ചു. ചട്ടങ്ങളെയും നിയമങ്ങളെയും കൂടാതെ നിക്ഷേപകർ, ബിസിനസുകാർ, തൊഴിലാളികൾ എന്നിവർക്ക് നൽകുന്ന സൗകര്യങ്ങളെയും അഭിനന്ദിച്ചു. തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട സംയുക്ത പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഉഭയകക്ഷി സമിതികളും പ്രത്യേക സാങ്കേതിക വർക്ക് ടീമുകളും സജീവമാക്കാനും ഇരുപക്ഷവും സമ്മതിച്ചു.
