മനാമ: ബഹ്റൈനിലെ എല്ലാ പ്രവാസി തൊഴിലാളികളും തങ്ങളുടെ രേഖകൾ നിയമാനുസൃതമാണെന്ന് ഉറപ്പുവരുത്തണമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. എൽ.എം.ആർ.എ, റെസിഡൻസി നിയമങ്ങൾ എന്നിവ ഉൾപ്പെടെ രാജ്യത്ത് ബാധകമായ എല്ലാ നിയമങ്ങളും ചട്ടങ്ങളും തൊഴിലാളികൾ പാലിക്കണമെന്നും വ്യക്തമാക്കി. പ്രവാസി തൊഴിലാളി രാജ്യത്ത് എത്തുന്നതിന് മുമ്പുതന്നെ ഒരു തൊഴിലുടമയിൽ നിന്ന് ഔദ്യോഗിക വർക്ക് പെർമിറ്റ് നേടിയിരിക്കണം.വിസിറ്റ് വിസയിൽ വന്നവർ ജോലിയിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാണ്. നിയമം ലംഘിച്ചാൽ പിഴയും നാടുകടത്തലും നേരിടേണ്ടിവരും.
ആദ്യമായി രാജ്യത്ത് പ്രവേശിച്ച് ഒരു മാസത്തിനുള്ളിൽ ബയോമെട്രിക് ഡേറ്റ നൽകുന്നത് ഉൾപ്പെടെ, വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും പ്രവാസി തൊഴിലാളികൾ പൂർത്തീകരിക്കണം. വർക്കിങ് പെർമിറ്റുള്ള പ്രവാസികൾ പെർമിറ്റിൽ സൂചിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിലോ അതേ പ്രവർത്തനത്തിൽ ഏർപ്പെടുന്ന അതേ തൊഴിലുടമയുടെ മറ്റ് ശാഖകളിലോ ജോലി ചെയ്യണം. ആരോഗ്യ ഇൻഷുറൻസ് ചെലവുകൾ ഉൾപ്പെടെ തൊഴിലാളിയുടെ മേൽ ചുമത്തുന്ന എല്ലാ ഫീസും തൊഴിലുടമ വഹിക്കണം. വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നതിനോ പുതുക്കുന്നതിനോ തൊഴിലാളി തൊഴിലുടമക്ക് പണമോ ആനുകൂല്യങ്ങളോ നൽകാൻ പാടില്ല. തൊഴിൽ മാറുകയാണെങ്കിൽ, തൊഴിൽമാറ്റ നടപടികൾ പൂർത്തിയാകുന്നതുവരെയും പുതിയ തൊഴിലുടമയുടെ കീഴിൽ പുതിയ വർക്ക് പെർമിറ്റ് ലഭിക്കുന്നതുവരെയും നിലവിലെ തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യുന്നത് അവസാനിപ്പിക്കാനും എൽ.എം.ആർ.എ നിർദേശിച്ചു.
തൊഴിലുടമ നിർബന്ധിച്ച് ജോലി ചെയ്യിക്കുക, വേതനം നൽകാതിരിക്കുക, മനുഷ്യക്കടത്ത് തുടങ്ങിയ സന്ദർഭങ്ങളിൽ അധികൃതരുടെ ഇടപെടലുണ്ടാകും.ഇക്കാര്യങ്ങളിൽ സഹായവും മാർഗനിർദേശവും ലഭിക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ബന്ധപ്പെടണം. എക്സ്പാട്രിയറ്റ് വർക്കേഴ്സ് പ്രൊട്ടകഷ്ടൻ ആൻഡ് സപ്പോർട്ട് സെന്റററിൽ വിവിധ ഭാഷകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 995 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെട്ട് പ്രവാസി തൊഴിലാളികൾക്ക് സംശയങ്ങൾ ദുരീകരിക്കുന്നതിനും മാർഗനിർദേശം ലഭിക്കുന്നതിനും സാധിക്കുമെന്ന് എൽ.എം.ആർ.എ അറിയിച്ചു.