മനാമ: കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ ഒമ്പതു വയസുകാരിയായ ഇഷാൽ ഫാത്തിമ തൻ്റെ മുടി ദാനം നൽകി. ഇന്ന് (വ്യാഴം) രാവിലെ ബഹ്റൈൻ കാൻസർ സൊസൈറ്റിയിലെത്തിയാണ് ഇന്ത്യൻ സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഇഷാൽ മുടി കൈമാറിയത്. ക്യാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ തൻ്റെ 44 സെന്റീമീറ്റർ നീളമുള്ള മുടിയാണ് ഈ പെൺകുട്ടി കൈമാറിയത്. ‘ മുടി ദാനം ചെയ്യാൻ നേരത്തെ തന്നെ ഞാൻ ആഗ്രഹിച്ചു.അതിലൂടെ ഒരു വിഗ് ആവശ്യമുള്ള കുട്ടികൾക്കു അത് ലഭിക്കും’. ഇഷാൽ പറഞ്ഞു. ഇഷാൽ ഫാത്തിമ കഴിഞ്ഞ രണ്ട് വർഷമായി തലമുടി നീട്ടി വളർത്തിയെടുക്കുകയായിരുന്നു. ഇന്ന്കാൻസർ സൊസൈറ്റിക്ക് മുടി നൽകിയതിനാൽ കാൻസർ ചികിത്സയിലൂടെയോ മറ്റ് കാരണങ്ങളിലൂടെയോ സ്വന്തമായി മുടി നഷ്ടപ്പെട്ട കുട്ടികൾക്ക് യഥാർത്ഥ ഹെയർ വിഗ്ഗുകൾ നിർമ്മിക്കാൻ കഴിയും.
എൽകെജി മുതൽ ഇന്ത്യൻ സ്കൂളിലാണ് ഇഷാൽ പഠിക്കുന്നത്. രണ്ട് വർഷത്തിലേറെയായി കൊറോണ കാലത്തു മുടി നീട്ടി വളർത്തിയ ഈ പെൺകുട്ടി മറ്റുള്ളവരെ സഹായിക്കാൻ ഈ കാരുണ്യ പ്രവൃത്തി ലക്ഷ്യമിടുകയായിരുന്നു.
ഇഷാൽ പറയുന്നു: ‘കൊവിഡ് കാലത്താണ് ഞാൻ മുടി വളർത്താൻ തുടങ്ങിയത്. ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്യാൻ ആലോചിച്ചു .ഇത് ഒരു വിഗ്ഗായി ഉപയോഗിക്കാം. ക്യാൻസർ ചികിൽസ മൂലം പലരുടെയും മുടി കൊഴിയുന്നതിനാൽ ഇത് അവർക്ക് സഹായകമാകും.’
സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന തിരൂർ സ്വദേശികളായ ഷഫീഖ് മധുരമംഗലത്തിന്റെയും റുബീന നാലകത്തിന്റെയും മകളാണ് ഇഷാൽ ഫാത്തിമ. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ,സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വിദ്യാർത്ഥിയുടെ സദ്പ്രവൃത്തിയെ അഭിനന്ദിച്ചു.