തിരുവനന്തപുരം: ഓൺലൈനിൽ മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. തിരുവനന്തപുരത്തെ തെരഞ്ഞെടുത്ത വില്‍പ്പന കേന്ദ്രങ്ങളില്‍ മാത്രം ലഭ്യമായിരുന്ന സംവിധാനമാണ് ഇപ്പോൾ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ ലഭ്യമാക്കിയത് എന്നാണ് ബെവ്കോ അറിയിച്ചത്. അതേസമയം അതാത് ജില്ലകളിലെ തെരഞ്ഞെടുത്ത് വില്‍പ്പന കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും തുടക്കത്തിൽ ഈ സൗകര്യം ലഭ്യമാകുക.
ബെവ്കോയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനാകുക. https:booking.ksbc.co.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് ബെവ് സ്പിരിറ്റ് എന്ന പ്രത്യേകം വിഭാഗത്തിലാണ് ഉപഭോക്താക്കള്‍ക്ക് മദ്യം ബുക്ക് ചെയ്യാൻ സാധിക്കുക. ആവശ്യമുള്ള ബ്രാന്‍ഡ് മദ്യം തിരഞ്ഞെടുത്ത് മുന്‍കൂര്‍ പണമടച്ചു ബുക്ക് ചെയ്യാം.
ആദ്യമായി ബുക്ക് ചെയ്യുന്നവർ രജിസ്ട്രേഷൻ ചെയ്യേണ്ടത്. പേമെന്റ് നടത്തി കഴിയുമ്പോൾ മൊബൈലിൽ ലഭിക്കുന്ന കോഡുമായി ബെവ്കോ വിൽപനശാലയിൽ എത്തി മദ്യം വാങ്ങാം. ആദ്യമായി കയറുന്നവർ വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ടൈപ്പ് ചെയ്തു നൽകുന്നതോടെയാണ് രജിസ്ട്രേഷൻ പേജിലെത്തുക.
അതിന് ശേഷം പേര്, ജനന തീയതി, ഇ-മെയില്‍ ഐഡി എന്നിവ നല്കി പ്രൊഫൈല്‍ തയ്യാറാക്കണം. രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ മൊബൈല്‍ നമ്ബറും സുരക്ഷാ കോഡും പാസ്വേഡും നല്കി ലോഗിന്‍ ചെയ്യാം.പേമെന്റിനായി ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, യുപിഐ തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പേമെന്റ് വിജയകരമായി പൂർത്തിയാക്കുന്നതോടെ ഫോണിൽ ഒരു റഫറൻസ് നമ്പർ ലഭിക്കും.
തിരഞ്ഞെടുത്ത വില്‍പ്പന കേന്ദ്രത്തില്‍ എത്തുമ്പോള്‍ പ്രത്യേക കൗണ്ടര്‍ വഴി ക്യൂ നിൽക്കാതെ തന്നെ മദ്യം ലഭിക്കും. മദ്യം ഓൺലൈനിൽ ബുക്ക് ചെയ്തു 10 ദിവസത്തിനകം കൗണ്ടറിലെത്തി വാങ്ങിയാല്‍ മതി.