
മനാമ: നേരിയ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഒക്ടോബര്‍ 9, 10 തിയതികളില്‍ രാത്രി വൈകിയും പുലര്‍ച്ചെയും ബഹ്റൈന്റെ ചില ഭാഗങ്ങളില്‍ അന്തരീക്ഷ കാഴ്ചയില്‍ നേരിയ കുറവുണ്ടാകാനിടയുണ്ടെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു.
ഒക്ടോബര്‍ 11 മുതല്‍ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റ് മിതമായതോ വേഗതയുള്ളതോ ആയ രീതിയില്‍ വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് മാറും. വടക്കുപടിഞ്ഞാറന്‍ കാറ്റ് ഏറെ ദിവസത്തേക്ക് തുടര്‍ന്നേക്കും. ഇത് അന്തരീക്ഷ ഈര്‍പ്പത്തിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടാക്കും.
ഈ മാറ്റം മിതമായ കാലാവസ്ഥയിലേക്കുള്ള ഒരു പരിവര്‍ത്തനത്തിന്റെ തുടക്കത്തിന്റെ സൂചനയാണ്.
കാഴ്ച കുറയാന്‍ സാധ്യതയുള്ള പുലര്‍കാലത്ത് വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അംഗീകൃത മാര്‍ഗങ്ങളിലൂടെ ഔദ്യോഗിക കാലാവസ്ഥാ അപ്ഡേറ്റുകളും ഉപദേശങ്ങളും പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചു.
