മനാമ: ജീവിതരീതികളിൽ വന്ന മാറ്റമാണ് സ്ത്രീകളിൽ ഉണ്ടാകുന്ന പല രോഗങ്ങളുടെയും കാരണമെന്ന് കിംസ് ഹോസ്പിറ്റലിലെ ഒബ്സ്റ്ററിക് & ഗൈനക്കോളജി വിദഗ്ധ ഡോ: ബ്ലെസി ജോൺ അഭിപ്രായപെട്ടു. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിതാ വിഭാഗം സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകളിൽ പൊതുവെ കണ്ടു വരുന്ന PCOD എങ്ങനെ തിരിച്ചറിയാം, രോഗ പ്രതിരോധത്തിനായുള്ള ചികിത്സാ വിധികളും ജീവിതരീതിയിൽ വരുത്തേണ്ട മാറ്റങ്ങളും തുടങ്ങിയ കാര്യങ്ങളും അവർ വിശദീകരിച്ചു. പ്രവാസ ജീവിതത്തിൽ തങ്ങളുടെ ആരോഗ്യ വിഷയത്തിൽ സ്ത്രീകൾ ജാഗ്രത കാണിക്കണം. കൃത്യമായ വ്യായാമം, ചിട്ടയായ ഭക്ഷണക്രമം എന്നിവയും രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗങ്ങളാണ്. സെർവിക്കൽ കാൻസർ, ബ്രെസ്റ്റ് കാൻസർ എന്നിവയെ കുറിച്ചും സ്ത്രീകൾ കൂടുതൽ ബോധവതികളാവണമെന്നും ഡോ. ബ്ലെസ്സി ജോൺ ഓർമപ്പെടുത്തി. ഡോക്ടർക്കുള്ള മെമെന്റോ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം മനാമ ഏരിയാ പ്രസിഡന്റ് ഷബീഹ ഫൈസൽ നൽകി.
ഏരിയ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കൺവീനർ നൂറ ഷൗക്കത്ത് സ്വാഗതവും ഏരിയ സെക്രട്ടറി ഫസീല ഹാരിസ് നന്ദിയും പറഞ്ഞു. ഹനാൻ അബ്ദുൽ മനാഫ് പ്രാർത്ഥനാ ഗീതം ആലപിച്ചു. ബുഷ്ര ഹമീദ്, റഷീദ സുബൈർ , റസീന അക്ബർ , സുആദ ഫാറൂഖ് , മെഹറ മൊയ്തീൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.