തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ വിവാദത്തെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ പിണറായി, ശിവശങ്കർ, സ്വപ്ന, കോൺസുൽ ജനറൽ എന്നിവർ ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്ന പറഞ്ഞതായി സഭയിൽ ആരോപണം ഉന്നയിച്ചു. കുഴൽനാടന്റെ ആരോപണം നുണയാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും രോഷാകുലനായി എഴുന്നേറ്റ മുഖ്യമന്ത്രി തിരിച്ചടിച്ചു. ഇതോടെ സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വലിയ ബഹളവും വാഗ്വാദവും ഉണ്ടായി.
ഇരുവിഭാഗവും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് ബഹളമുണ്ടാക്കിയതിനാൽ സഭ അൽപ്പനേരത്തേക്ക് പിരിഞ്ഞു. ലൈഫ് മിഷൻ കോഴക്കേസിൽ അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെയാണ് നിയമസഭയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഇതൊന്നും താൻ എഴുതിയ തിരക്കഥയല്ലെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിനെ കുറിച്ചാണ് താൻ പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അത് തെറ്റാണെങ്കിൽ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും കുഴൽനാടൻ നിയമസഭയിൽ ചോദിച്ചു.