തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണങ്ങളെ തള്ളി മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. ”കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെ പി സി സി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ല”- ഉമ്മന്‍ ചാണ്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പുതുപ്പള്ളിക്ക് പകരം ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ കോൺഗ്രസിൽ ചർച്ച നടക്കുന്നുവെന്ന പ്രചാരണങ്ങൾക്കിടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. പുതുപ്പള്ളിയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ ഉമ്മൻചാണ്ടിയെ തലസ്ഥാനത്തേക്ക് എത്തിച്ച് നിർണായക നീക്കത്തിന് കോൺഗ്രസ് ഒരുങ്ങുന്നുവെന്നും നേമവും വട്ടിയൂർക്കാവുമാണ് പരിഗണനയിലുള്ളതെന്നുമായിരുന്നു പ്രചാരണം.
ബി ജെ പിയുടെ സിറ്റിങ് സീറ്റിൽ കോൺഗ്രസിലെ ഏറ്റവും പ്രമുഖനായ ഉമ്മൻചാണ്ടി മത്സരിക്കുന്നത്, ബി ജെ പിയെ എതിർക്കുന്നതിന് കോൺഗ്രസിന് പ്രാപ്തിയില്ലെന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കുമെന്ന രീതിയിലായിരുന്നു ചർച്ചകൾ.നേമത്തെ ബി ജെ പിക്കെതിരെ നേർക്കുനേർ പോരാട്ടത്തിന് ഉമ്മൻ ചാണ്ടി ഇറങ്ങുന്നതോടെ സംസ്ഥാനത്തുടനീളം ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കുമെന്നും ന്യൂനപക്ഷങ്ങൾക്ക് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്ന രീതിയിലായിരുന്നു ഇത്തരമൊരു വിഷയം ചർച്ചയായത്.