തിരുവനന്തപുരം: സോളാര്‍ ഗൂഢാലോചനാ കേസില്‍ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കില്ലെന്നും വിഡി സതീശന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി ഒന്നാം പ്രതിയായ കേസ് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് അന്വേഷിക്കുന്നതെങ്ങനെയാണ്. സിബിഐയുടെ റിപ്പോര്ട്ടിന്മേല് സിബിഐ തന്നെ അന്വേഷിക്കണം. സിബിഐ അന്വേഷണം നടന്നില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. യുഡിഎഫ് കണ്‍വീനര്‍ സംസാരിച്ചപ്പോള്‍ പറഞ്ഞതിലുള്ള കണ്‍ഫ്യൂഷനാണ് ആശയക്കുഴപ്പത്തിന് കാരണം. യുഡിഎഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതില്‍ അന്വേഷണം നടത്തണമെന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളത്. കേസില്‍ കുറ്റകരമായ ഗൂഢാലോചന നടന്നുവെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ആവശ്യപ്പെടണമെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടത്.
പ്രതിപക്ഷം എഴുതി തന്നാല്‍ അന്വേഷണം നടത്തുന്ന കാര്യം ആലോചിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അത്തരത്തില്‍ എഴുതി കൊടുക്കേണ്ടതില്ലെന്നാണ് യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചത്. ക്രിമിനല്‍ കോണ്‍സ്പിരന്‍സിയില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്. ആ മുഖ്യമന്ത്രിയുടെ കീഴില്‍ അന്വേഷണം വേണ്ടെന്നാണ് തീരുമാനിച്ചതെന്നും വിഡി സതീശന് പറഞ്ഞു. കൊട്ടാരക്കര കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുന്നുണ്ട്. പുതിയ റിപ്പോര്‍ട്ടു കൂടി വെച്ചു കൊണ്ട് ആ കോടതിയില്‍ തന്നെ സമീപിക്കണോ, മറ്റേതെങ്കിലും കോടതിയെ സമീപിക്കണോ എന്നത് നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സതീശന് പറഞ്ഞു. കെപിസിസിയും യുഡിഎഫും കേസില്‍ അന്വേഷണം വേണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ കീഴില്‍ അന്വേഷണം വേണ്ടെന്നും തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.