തിരുവനന്തപുരം: കേരളത്തിൽ എലിപ്പനി മരണങ്ങളിൽ വർധന. 2023 ൽ ഇതുവരെ 13 എലിപ്പനി മരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രോഗം സംശയിക്കപ്പെടുന്ന 16 മരണങ്ങൾ ഉണ്ടായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉയർന്ന നിരക്കാണിത്.
സംശയാസ്പദമായവ ഉൾപ്പെടെ ആകെ 531 എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 210 എണ്ണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2021 ലെ ആദ്യ രണ്ട് മാസങ്ങളിൽ റിപ്പോർട്ട് ചെയ്ത 186 കേസുകളിൽ ആറ് പേർ മാത്രമാണ് മരിച്ചത്. 2022 ൽ 216 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതിൽ അഞ്ച് പേർ മരിച്ചു. ഈ വർഷം എലിപ്പനി സംശയിക്കുന്ന പല കേസുകളിലും പരിശോധനാ ഫലം എത്തിയിട്ടില്ല. ഈ വർഷം 4 പേരാണ് കോഴിക്കോട് മരിച്ചത്. തൃശൂരിൽ 3 പേരും കൊല്ലത്ത് 2 പേരും തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്.
തിരുവനന്തപുരം-34, ആലപ്പുഴ-25, കോഴിക്കോട്-25, വയനാട്-24 എന്നീ ജില്ലകളിലാണ് ഈ വർഷം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എലിപ്പനി സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും സംശയാസ്പദമായ കേസുകളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.