
തൃശൂർ: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെ പാഞ്ഞടുത്ത് പുലി. നായ്ക്കൾ ബഹളം വച്ചതോടെ പുലി തിരിഞ്ഞോടി. തമിഴ്നാട്ടിൽ വാൽപ്പാറയിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് വീട്ടിൽ പുലിയെത്തിയ വിവരം നാട്ടിലറിഞ്ഞത്.വാൽപ്പാറ റൊട്ടക്കടയ്ക്കടുത്ത് താമസിക്കുന്ന ശിവകുമാർ-സത്യ ദമ്പതികളുടെ വീടിനുമുന്നിലാണ് പുലിവന്നത്. ഈ സമയം ഇവരുടെ മകൻ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു. വീടിന്റെ വശത്തുകൂടി കുട്ടിയെ ലക്ഷ്യമാക്കി തന്നെയാണ് പുലി വന്നത്. ഇതുകണ്ട രണ്ട് നായ്ക്കൾ ഉറക്കെ കുരച്ചു. കുട്ടിയും ഒച്ചവച്ചതോടെ പുലി പേടിച്ച് തിരിച്ചോടുകയായിരുന്നു.പിന്നീട് ശബ്ദം കേട്ട് സിസിടിവി പരിശോധിച്ചപ്പോൾ പുള്ളിപ്പുലി തന്നെയാണ് വന്നതെന്ന് തെളിഞ്ഞു. വാൽപ്പാറയിൽ നാലുവയസുകാരനെ പുലി കടിച്ചുകൊണ്ടുപോയി കൊന്നശേഷം ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോഴാണ് വീണ്ടും പുലിയെ കണ്ടത്. നടുമല എസ്റ്റേറ്റിൽ ജാർഖണ്ഡ് സ്വദേശികളായ മുഷറഫലി-സഫിയ ദമ്പതികളുടെ മകൻ സെയ്തുവിനെയാണ് പുലി പിടിച്ചത്. ടാറ്റയുടെ തോട്ടത്തിലെ തൊഴിലാളികളാണ് മുഷറഫലിയും സഫിയയും. രണ്ട് കൊല്ലം മുൻപ് മാത്രമാണ് ഇവർ ഇവിടെ താമസമാക്കിയത്. ചുരുങ്ങിയ കാലം കൊണ്ട് 10പേരാണ് ഇവിടെ പുലിയുടെ ആക്രമണത്തിൽ മരിച്ചത് കഴിഞ്ഞദിവസവും വീട്ടിൽ പുലിയെത്തിയതോടെ ജനങ്ങൾ ഭീതിയിലാണ്.
