സിഡ്നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വിജയതുല്യമായ സമനില. അശ്വിന്റെയും ഹനുമ വിഹാരിയുടെയും പ്രതിരോധമാണ് ഇന്ത്യയ്ക്ക് സമനില സമ്മാനിച്ചത്. രണ്ടാം ഇന്നിംഗ്സില്‍ 407 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ റിഷഭ് പന്ത്, ചേതേശ്വര്‍ പൂജാര എന്നിവർ അർദ്ധ സെഞ്ച്വറികൾ നേടിയപ്പോൾ അശ്വിനും വിഹാരിയും പുറത്താകാതെ അവസാന പന്ത് വരെ പിടിച്ചു നിന്നു. ഇതോടെ അനായാസം ജയിക്കാമെന്ന ഓസിസ് മോഹങ്ങൾ പൊലിയുകയായിരുന്നു. ഇതോടെ നാല് മത്സരങ്ങളുള്ള പരമ്പരയിലെ വിജയിയെ അറിയാൻ അവസാന ടെസ്റ്റ് വരെ കാത്തിരിക്കണം. നിലവിൽ ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ചു.
ഇന്ത്യൻ സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 334 നിൽക്കേ മത്സരം സമനിലയില്‍ പിരിയാന്‍ ഇരു ക്യാപ്റ്റന്മാരും തീരുമാനിക്കുകയായിരുന്നു. അഞ്ചാംദിനം പൂര്‍ത്തിയാവാന്‍ ഒരു ഓവര്‍ ബാക്കിനില്‍ക്കെയായിരുന്നു ക്യാപ്റ്റൻമാരുടെ തീരുമാനം. ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ രോഹിത് ശർമ്മയും ചേതേശ്വർ പൂജാരയും റിഷഭ് പന്തും അർദ്ധ സെഞ്ച്വറികൾ നേടി. പന്തിന് മൂന്ന് റൺസ് അകലെയാണ് സെഞ്ച്വറി നഷ്ടമായത്.
സ്കോര്‍: ഓസ്ട്രേലിയ 338 & 312/6 ഡിക്ലയർ, ഇന്ത്യ 244 & 334/5