മനാമ: ചരിത്രത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മാത്രമേ ഏതൊരു പ്രസ്ഥാനത്തിനും മുന്നോട്ട് പോകാൻ കഴിയൂവെന്ന് പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ സലീം മമ്പാട് അഭിപ്രായപ്പെട്ടു. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സക്രിയമായി സമൂഹത്തിൽ ഇടപെട്ടു കൊണ്ടിരിക്കുന്ന ഏതൊരു ആദർശ പ്രസ്ഥാനത്തിനും തങ്ങളുടെ നിലപാടുകൾ കൃത്യപ്പെടുത്തേണ്ടതുണ്ട്. വർത്തമാനകാലത്തെ മാത്രം മുന്നിൽ വെച്ച് കൊണ്ട് നയനിലപാടുകൾ രൂപീകരിക്കാൻ സാധിക്കുകയില്ല. രാജ്യത്തിന്റെയും താൻ ജീവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെയും ഗതകാല ചരിത്ര സംഭവങ്ങളെ കൂടി നിർദ്ധാരണം ചെയ്യൽ അനിവാര്യമാണ്. ധാർമികത കൈമുതലാക്കി പ്രവർത്തിക്കുമ്പോഴാണ് സമൂഹത്തിൽ കൂടുതൽ സ്വാധീനം ചെലുത്താൻ സാധിക്കുക. കേവല ഷോവനിസം ആയി സാമൂഹിക – ജീവകാരുണ്യ പ്രവർത്തനങ്ങൾ അധഃപതിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണിത്. ഭൗതികമായ പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിക്കുന്ന നിഷ്കാമ കാർമികകളാണ് കാലഘട്ടത്തെ പ്രതിനിധീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡന്റ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ച സംഗമത്തിൽ ജനറൽ സെക്രട്ടറി എം. അബ്ബാസ്, വൈസ് പ്രെസിഡന്റുമാരായ ജമാൽ ഇരിങ്ങൽ, എം.എം.സുബൈർ, സെക്രട്ടറി യൂനുസ് രാജ് എന്നിവർ സംസാരിച്ചു.
അബ്ദുൽ ഹഖ്, മൂസ കെ.ഹസൻ, ജലീൽ മുട്ടിക്കൽ, അഷ്റഫ് അലി, സമീർ ഹസൻ, അഹമ്മദ് റഫീഖ്, ബുഷ്റ അഷ്റഫ്, സഈദ റഫീഖ, ഫാത്തിമ സ്വാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി.