കോഴിക്കോട്: ഇന്നലെ നടന്ന മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന് പുറത്താക്കപ്പെട്ട മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. മൂന്ന് ഇൻഞ്ചക്ഷൻ ഓർഡർ നിലനിൽക്കെയായിരുന്നു കൗൺസിൽ ചേർന്നത്. സാദിഖലി തങ്ങൾ ഒരു ഖാസിയാണ്. ഖാസി ഒരു നിയമജ്ഞനാണ്. അദ്ദേഹമാണ് നിയമവിരുദ്ധമായ നടപടിക്ക് സാക്ഷ്യം വഹിച്ചത്. നടന്നത് കോടതിയലക്ഷ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് വീണ്ടും കോടതിയെ സമീപിക്കുമെന്നും തിരഞ്ഞെടുപ്പ് ദിവസം പുതിയ കമ്മിറ്റി തന്നെ പുറത്താക്കിയത് എന്തിനാണെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലീഗിലെ രാഷ്ട്രീയ അധഃപതനം പലരെയും ബാധിച്ചു. തന്നെ സംസ്ഥാന കൗൺസിലിലേക്ക് കൊണ്ടുപോകാൻ സാദിഖലി തങ്ങൾ തയ്യാറായിരുന്നു. എന്നാൽ കുഞ്ഞാലിക്കുട്ടി ഇതിനെ എതിർത്തു. കൗൺസിലിൽ മത്സരിക്കരുതെന്നാണ് അനുരഞ്ജനത്തിന് വന്നവരുടെ ആവശ്യം. താൻ അനുസരിച്ചില്ല. ലീഗ് എന്താണെന്ന് പഠിപ്പിക്കാൻ പി.എം.എ സലാം അടക്കമുള്ളവർ തൻ്റെ അടുത്തേക്ക് വരരുതെന്നും ഹംസ പറഞ്ഞു.
ഇ.ടി മുഹമ്മദ് ബഷീറിനെ സംബന്ധിച്ചിടത്തോളം ചോറ് യു.ഡി.എഫിലും കൂറ് എൽ.ഡി.എഫിലുമാണ്. ഇ.ടി. ബി.ജെ.പിയുമായി സൗഹൃദത്തിൽ ആണ്. കുഞ്ഞാലിക്കുട്ടി മത്സരിച്ച് എം.പിയായി. പിന്നീട് ഇവിടെ വന്ന് എം.എൽ.എ ആയി. താൻ ഇതിനെയെല്ലാം ചോദ്യം ചെയ്തു. ലീഗ് ശുദ്ധീകരിക്കപ്പെടണം. കാട്ടു കള്ളന്മാരുടെയും അധോലോക നായകൻമാരുടെയും കൈകളിലാണ് ലീഗ്. ആർ.എസ്.എസുമായി ചർച്ച നടത്തിയ എം.എൽ.എ കുഞ്ഞാലിക്കുട്ടിയല്ല. മറ്റൊരു എം.എൽ.എയാണ് ചർച്ച നടത്തിയത്. ചർച്ച നടന്നുവെന്നത് സത്യമാണ്. ലീഗിനെ ഇടത് മുന്നണിയുമായി ബന്ധിപ്പിക്കുകയാണ് ചർച്ചയുടെ ലക്ഷ്യം. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.