കോട്ടയം : വനിത എസ് ഐയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത അഭിഭാഷകൻ അറസ്റ്റിൽ. അഭിഭാഷകനായ വിപിൻ ആന്റണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാമപുരത്ത് വച്ചായിരുന്നു സംഭവം.രാമപുരം സ്റ്റേഷനിലെ എച്ച്എസ്ഒ ആയ ഡിനിയോടാണ് വിപിൻ ആന്റണി അപമര്യാദയായി പെരുമാറിയത്. ഡിനിയുടെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുന്നതിനിടെയായിരുന്നു സംഭവം.
വിപിൻ ആന്റണി സുഹൃത്തുക്കളുമൊത്ത് സഞ്ചരിച്ച കാറിൽ നിന്നും പോലീസ് മദ്യകുപ്പികൾ കണ്ടെടുത്തു. തുടർന്ന് ചോദ്യം ചെയ്യാൻ ആരംഭിച്ചപ്പോൾ വിപിൻ ആന്റണി കാറിൽ നിന്ന് ഇറങ്ങി വരികയും വനിത എസ് ഐ യെ കയ്യേറ്റം ചെയ്യുകയും ചെയ്തു.പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് വിപിൻ ആന്റണിയെ പിടിച്ചുമാറ്റി പോലീസ് ജീപ്പിൽ കയറ്റിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ റിമാന്റ് ചെയ്തു. പ്രതിയുടെ കൂടെ വന്നിരുന്ന സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. ഇവർക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.