ന്യൂഡല്‍ഹി: സംഗീത ഇതിഹാസം ലതാ മങ്കേഷ്കറിന്റെ സംസ്കാരം ഞായറാഴ്ച വൈകുന്നേരം 6.30ന്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ നിന്ന് മൃതദേഹം 12 മണിയോടെ ദക്ഷിണ മുംബൈയിലെ പെദ്ദാര്‍ റോഡിലുള്ള വസതിയിലെത്തിക്കും. അവിടുത്തെ പൊതുദര്‍ശനത്തിന് ശേഷം ശിവാജി പാര്‍ക്കില്‍ എത്തിക്കും. ആറരയോടെ പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കും.
മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യനില മോശമായതിനാല്‍ അവരെ കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡ് പിടിപെട്ടതിനെത്തുടര്‍ന്ന് ജനുവരി എട്ടിനാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതീവ ഹൃദ്യമായ സ്വരമാധുരിയും ആലാപനശൈലിയുമാണ് ലതാ മങ്കേഷ്കറിന് ഇന്ത്യക്കകത്തും പുറത്തും ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകരിലൊരാളായ ലതാ മങ്കേഷ്കര്‍ ആയിരത്തിലധികം ബോളിവുഡ് സിനിമകളില്‍ പിന്നണി ഗായികയായി. വിദേശഭാഷകളിലുള്‍പ്പെടെ മുപ്പത്തിയാറില്‍പരം ഭാഷകളില്‍ ലതാജി എന്ന് ആരാധകര്‍ ബഹുമാനത്തോടെയും സ്നേഹത്തോടെയും വിളിക്കുന്ന ആ മഹാഗായിക ഗാനങ്ങള്‍ ആലപിച്ചു. മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ച ലതയ്ക്ക് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം 2001 ല്‍ നല്കി രാജ്യം ആദരിച്ചു.