ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നതോടെ സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. തിരക്ക് കണക്കിലെടുത്ത് ദർശനസമയം ഒരു മണിക്കൂർ നീട്ടി. ഇന്നുമുതൽ 11 മണിക്കാണ് ഹരിവരാസനം. 10 മണിക്കായിരുന്നു ഇതുവരെ നട അടച്ചിരുന്നത്.
രണ്ട് വർഷമായി അടഞ്ഞു കിടന്നിരുന്ന കരിമല വഴിയുള്ള കാനനപാതയും ഭക്തർക്കായി ഇന്ന് തുറന്ന് കൊടുത്തു. കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് കാനനപാതയിലൂടെയുള്ള തീർത്ഥാടനം വീണ്ടും തുടങ്ങിയത്. 11 മണിക്ക് മുൻപ് എരുമേലിയിൽ എത്തുന്നവരെയാണ് കയറ്റിവിടുന്നത്. 35 കിലോമീറ്ററിൽ ഭൂരിഭാഗവും വനത്തിനുള്ളിലൂടെയാണ് യാത്ര. 11 നാണ് പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ. 12 ന് തിരുവാഭരണഘോഷയാത്ര തുടങ്ങും. 14 നാണ് മകരവിളക്ക്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് എത്തുന്നതില്‍ കൂടുതലും. രണ്ട് ഡോസ് എടുത്തവരോ ആർടിപിസിർ നെഗറ്റീവായവരോ ആയ എല്ലാ തീർത്ഥാടകരെയും കയറ്റിവിടാനാണ് നിർദ്ദേശം. രാവിലെ നാല് മണിക്കൂർ ക്യൂ നിന്നാണ് പലരും ദർശനം നടത്തിയത്. തിരക്ക് കൂടിയതോടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം അറുപതിനായിരം ഭക്തർക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.