പത്തനംതിട്ട: തോരാതെ പെയ്യുന്ന മഴയിൽ പത്തനംതിട്ടയിൽ വീണ്ടും ഉരുൾപൊട്ടൽ . ശനിയാഴ്ച ഉരുൾപൊട്ടലുണ്ടായ റാന്നി കുരുമ്പൻമൂഴിയിലും ആങ്ങമൂഴി കോട്ടമൺപാറ അടിയാൻകാലയിലുമാണ് വീണ്ടും ഉരുൾപൊട്ടിയത്. ആളപായമില്ലെന്നാണ് സൂചന. അതേസമയം ഉരുൾപൊട്ടലിൽ കുരുമ്പൻ മൂഴി തോടിന് സമീപത്തെ വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് കഴിഞ്ഞ ദിവസം ഉരുൾപൊട്ടിയതിനാൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസങ്ങളിൽ മൂന്നിടങ്ങളിലാണ് ഉരുൾപൊട്ടിയത്. സീതത്തോട് കോട്ടമൺപാറയിലും ആങ്ങമൂഴി തേവർമല വനമേഖലയിലുമാണ് ഉരുൾപൊട്ടലുണ്ടായത്. കോട്ടമൺപാറയിൽ കാര്യമായ മഴയില്ലെങ്കിലും കുരുമ്പൻമൂഴിയിൽ ശക്തമായ മഴ തുടരുകയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധവും വാർത്താവിനിമയ ബന്ധവും നഷ്ടപ്പെട്ടു. അപകടത്തിന്റെ വ്യാപ്തി വ്യക്തമല്ല.
