വിഴിഞ്ഞം: കടം വാങ്ങിയ പണം തിരിച്ചടച്ചില്ലെന്നാരോപിച്ച് വിഴിഞ്ഞം കോളിയൂരില്‍ ബ്ലേഡ് മാഫിയ സംഘം വീട് ജെസിബി ഉപയോഗിച്ച് അടിച്ചുതകര്‍ത്തു. കോളിയൂര്‍ ജംഗ്ഷനു സമീപം താമസിക്കുന്ന മിനി എന്ന സ്ത്രീയുടെ വീടാണ് ബ്ലേഡ് മാഫിയ അടിച്ചുതകര്‍ത്തത്.
21 വര്‍ഷം മുന്‍പാണ് മിനി സഹോദരന്റെ ആവശ്യത്തിനായി പണം കടം വാങ്ങിയത്. ഈ പണം ഇതുവരെ തിരിച്ചടച്ചില്ലെന്നാരോപിച്ചായിരുന്നു ബ്ലേഡ് മാഫിയാ സംഘത്തിന്റെ അഴിഞ്ഞാട്ടം. എന്നാല്‍ 60,000 രൂപ ഇവര്‍ തിരിച്ചടച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പലിശയടക്കം 91,000 രൂപ തിരിച്ചടക്കാനുണ്ടെന്നാണ് മാഫിയ സംഘത്തിന്റെ ആരോപണം.
ഈ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം.വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി പ്രതികളെയും ഇവര്‍ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഈ വീടും സ്ഥലവും തന്റെ പേരിലാണെന്നും അതിനെ തുടര്‍ന്നാണ് വീട് പൊളിക്കാനെത്തിയതെന്നും പലിശയ്ക്ക് പണം നല്‍കിയയാള്‍ പറഞ്ഞതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു. കേസ് നടക്കുന്നതിനാല്‍ മിനിയും പ്രായപൂര്‍ത്തിയായ മകളും വീടിന് സമീപമുള്ള ഷെഡ്ഡിലേക്ക് താമസം മാറി. ഷെഡ്ഡിലെ താമസം സുരക്ഷിതമല്ലാത്തതിനാല്‍ മകള്‍ മിനിയുടെ അനിയത്തിയുടെ വീട്ടിലാണ് കഴിഞ്ഞുവരുന്നത്.