കോഴിക്കോട്: മാതമംഗലം മോഡലിൽ തൊഴിലാളി സമരം (Trade Union) നടക്കുന്ന കോഴിക്കോട് പേരാമ്പ്രയിലെ കടയും പൂട്ടി. ഇന്ന് മുതൽ പേരാമ്പ്ര ചേനോളി റോഡിലെ സികെ മെറ്റീരിയൽസ് എന്ന സ്ഥപനം തുറക്കുന്നില്ലെന്ന് കടയുടമ ബിജു അറിയിച്ചു. രാഷ്ട്രീയ സമ്മർദവും തൊഴിലാളികളുടെ സമരവും മൂലം മാനസികമായി തളർന്നുവെന്നും പോട്ടർമാരെ വച്ച് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നുമാണ് കടയുടമ ബിജു വിശദീകരിക്കുന്നത്.
”എല്ലാ തൊഴിലാളി സംഘടനകളും സമരത്തിനുണ്ട്. വിഷയത്തിൽ രാഷ്ട്രീയ കക്ഷികളെ ഉൾപ്പെടുത്താൻ ശ്രമിച്ചെങ്കിലും തൊഴിലാളികളോട് സഹകരിക്കാനാണ് അവർ ആവശ്യപ്പെടുന്നത്”. അതിൽ എല്ലാ രാഷ്ട്രീയ കക്ഷികളും ഉൾപ്പെടുന്നുണ്ട്. 15 കോടി മുടക്കി തുടങ്ങിയ സ്ഥാപനം പൂട്ടേണ്ട സ്ഥിതിയിലായെന്നും ഉടമ പറഞ്ഞു. തന്റെ തൊഴിലാളികളെ വെച്ച് സാധനങ്ങളിറക്കും എന്ന നിലപാടിൽ തന്നെയാണെന്നും മറ്റൊരു ഒത്തുതീർപ്പിനുമില്ലെന്നുമാണ് ഉടമ ആവർത്തിക്കുന്നത്.
2019 ലാണ് പ്രവാസിയായ ബിജു പേരാമ്പ്ര ചേനോളി റോഡിൽ സികെ മെറ്റീരിയൽസ് എന്ന കട തുടങ്ങുന്നത്. അന്ന് മുതൽ സാധനങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ചുമട്ടു തൊഴിലാളികളുമായി തർക്കമുണ്ട്. ഒരു മാസം മുൻപ് സ്ഥാപനത്തിലെ 6 തൊഴിലാളികൾക്ക് തൊഴിൽകാർഡ് നൽകി കോടതി ഉത്തരവുണ്ടായിട്ടും കട പ്രവർത്തിക്കാൻ ചുമട്ട് തൊഴിലാളികൾ അനുവദിക്കുന്നില്ലെന്നാണ് ബിജുവിന്റെ വാദം.സികെ മെറ്റീരിയൽസിന് എന്ന കടക്ക് മുന്നിൽ 17 ദിവസമായി സംയുക്ത തൊഴിലാളി സമിതിയുടെ നേതൃത്വത്തിൽ കുടിൽ കെട്ടി സമരം തുടരുകയാണ്. പൊലീസ് സുരക്ഷയിലാണ് ഇപ്പോൾ കട പ്രവർത്തിക്കുന്നത്. എന്നാൽ വർഷങ്ങളായി തങ്ങൾ ചെയ്തുകൊണ്ടിരുന്ന ജോലി പെട്ടെന്ന് നഷ്ടപ്പെടുന്നത് അനുവദിക്കില്ലെന്നും ഉപജീവനമാർഗമാണെന്നുമാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. എല്ലാ സംഘടനകളും ഒരുമിച്ചാണ് സമരത്തിനുള്ളത്.