മനാമ: തൊഴിൽ സാമൂഹിക വികസന മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച നടത്തി.
ബഹ്റൈൻ-ഇന്ത്യ ബന്ധങ്ങളെക്കുറിച്ചും അവ വികസിപ്പിക്കാനുള്ള വഴികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിൽ നിയമനിർമ്മാണം നവീകരിക്കുന്നതും സാമൂഹിക സംരക്ഷണം വർദ്ധിപ്പിക്കുന്നതും ഉൾപ്പെടെ തൊഴിൽ വിപണി മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ ശ്രമങ്ങളെക്കുറിച്ച് ഹുമൈദാൻ അംബാസഡറോട് വിശദീകരിച്ചു. ഇന്ത്യൻ തൊഴിലാളികളെയും ബഹ്റൈനിലെ വികസന പ്രക്രിയയിലെ പങ്കാളിത്തത്തെയും അദ്ദേഹം പ്രശംസിച്ചു.
നിക്ഷേപ സൗഹൃദ അന്തരീക്ഷം സ്ഥാപിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തെ അംബാസഡർ പ്രശംസിച്ചു. സഹകരണം ശക്തിപ്പെടുത്താനുള്ള തന്റെ രാജ്യത്തിന്റെ താൽപ്പര്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.