തൃശൂർ: പെരിഞ്ഞനത്തെ ഹോട്ടലിൽ നിന്ന് ഇന്നലെ രാത്രി എട്ടരയോടെ കുഴിമന്തി വാങ്ങിക്കഴിച്ച 27 പേർ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ. അതേസമയം, വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാനവ്യാപകമായി റെയ്ഡ് നടത്തിവരികയാണ്. ഷവർമ്മ തയ്യാറാക്കുന്നതിലും വിൽക്കുന്നതിലും മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് മിക്ക പരാതികളും. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ 98 ഷവർമ കടകളിൽ പരിശോധന നടത്തി. 23 കടകൾക്ക് നോട്ടീസ് നൽകി. അഞ്ച് കടകൾക്ക് പിഴ ചുമത്തി.
ഷവർമ തയ്യാറാക്കുകയും വിൽക്കുകയും ചെയ്യുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾക്ക് പുറമെ കടകൾ പൊതുവായി പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നുമാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.ഷവർമ കടകളിലെ പ്രധാന പ്രശ്നം മയോണൈസിന്റെ തെറ്റായ നിർമ്മാണ രീതിയാണെന്ന് അധികൃതർ പറയുന്നു. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിർമ്മാണം നിരോധിച്ചതാണെങ്കിലും പലയിടത്തും ഈ രീതി തുടരുകയാണ്. പച്ചമുട്ട ഉപയോഗിക്കുമ്പോൾ രുചി കൂടുമെന്നതിനാലാണ് പലരും നിരോധിത മാർഗം തേടുന്നത്.