തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ ധരിച്ചിരുന്ന മാസ്ക് മാറ്റിച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. ഏത് കളറിലുള്ള മാസ്ക് ധരിക്കണമെന്ന് തീരുമാനിക്കുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതിൽ ഇടപെടാൻ ആർക്കും അവകാശമില്ല. ആരുടെ ഭാഗത്ത് നിന്നായാലും ഈ നടപടി അംഗീകരിക്കാൻ കഴിയില്ല. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിയായേ ഇതിനെ കാണാനാവൂ. മുഖ്യമന്ത്രിയുടെ ഉൾപ്പെടെ ഏത് പരിപാടിയും നിർഭയമായി റിപ്പോർട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം മാധ്യമപ്രവർത്തകർക്ക് ഉറപ്പ് വരുത്തണം. മാധ്യമപ്രവർത്തകരുടെ മാസ്ക് മാറ്റി വെച്ചവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ യു ഡബ്ല്യൂ ജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
