
കുവൈത്ത് സിറ്റി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ 53 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി കുവൈത്ത് ഫയർ ഫോഴ്സ് അറിയിച്ചു. ഫർവാനിയയിലെ വ്യാവസായിക മേഖലയിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് സുരക്ഷ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ഫയർ ഫോഴ്സ് വിവിധ സർക്കാർ ഏജൻസികളുമായി ചേർന്നാണ് പരിശോധന നടത്തിയത്.
ഇതിൽ ഫയർ സുരക്ഷാ ചട്ടങ്ങളും മറ്റ് നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് നടപടി സ്വീകരിക്കപ്പെട്ടു. അതോടൊപ്പം, 120 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുകളും നോട്ടീസുകളും നൽകി, ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉടൻ നടപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സംയുക്ത പരിശോധനയിൽ മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് റിന്യൂവബിൾ എനർജി, മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി, കുവൈത്ത് നഗരസഭ എന്നിവയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
