കുവൈറ്റ് സിറ്റി: കുവൈറ്റ് ദുരന്തത്തിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈറ്റ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മരിച്ചവരുടെ എണ്ണം അമ്പത് ആയി. മരിച്ചയാളുടെ പേര് വിവരം അറിവായിട്ടില്ല. തിരിച്ചറിയൽ നടപടി പുരോഗമിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈറ്റ് കമ്പനി എൻ.ബി.ടി.സി എട്ടു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആശ്രിതർക്ക് ജോലിയും നൽകും. അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകും. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പ്രമുഖ വ്യവസായികളായ യൂസഫലി അഞ്ച് ലക്ഷം രൂപയും, രവിപിള്ള രണ്ട് ലക്ഷം രൂപയും വീതം നൽകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.


