കൊച്ചി: സിപിഎം തളളിപ്പറഞ്ഞെങ്കിലും പികെ കുഞ്ഞാലിക്കുട്ടിയുൾപ്പെട്ട കളളപ്പണക്കേസിൽ തെളിവ് നൽകാൻ മുൻ മന്ത്രി കെ.ടി.ജലീൽ എൻഫോഴ്സ്മെന്റ് ഓഫീസിൽ ഇന്ന് വീണ്ടും ഹാജരാകും. ചന്ദ്രികയുടെ മറവിലൂടെ നടത്തിയ കളളപ്പണ ഇടപാടിലടക്കം ലീഗീനും കുഞ്ഞാലിക്കുട്ടിക്കും എതിരായി കൈവശമുളള തെളിവുകൾ ഹാജരാക്കാൻ ഇഡി ജലീലിനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞയാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരായി ജലീൽ നൽകിയ മൊഴിയുടെ തുടർച്ചയായിട്ടാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. മലപ്പുറത്തെ എ.ആർ നഗർ സഹകരണബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ടും ജലീൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതിലും ഇഡിക്ക് തെളിവ് നൽകുമെന്ന ജലീലിന്റെ പ്രസ്താവനയാണ് മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും ചൊടിപ്പിച്ചത്.
സഹകരണമേഖലയിൽ കടന്നുകയറാൻ കേന്ദ്ര ഏജൻസിക്ക് ജലീൽ വഴിയൊരുക്കിയെന്നാണ് പ്രധാന വിമർശനം. എന്നാൽ താൻ അങ്ങോട്ട് പോയി തെളിവ് കൊടുക്കുകയല്ല ഇ.ഡി നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ഹാജരാവുകയാണെന്നാണ് ജലീലിന്റെ നിലപാട്.