
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചര്‍ച്ച തുടരുന്നു. ചര്‍ച്ചയ്ക്കിടെ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ഗർഭഛിദ്ര ആരോപണം ഉന്നയിച്ച് കെ ടി ജലീൽ എംഎല്‍എ. ഒരു കുട്ടിയുടെ ജനിക്കാനുള്ള അവകാശം നിഷേധിച്ച് ഭ്രൂണത്തില്‍ തന്നെ കുട്ടിയെ കൊന്ന് കളഞ്ഞു എന്ന ആരോപണം നേരിടുന്ന രാഹുലിനെ പോലെ ആണോ എല്ലാ കോൺഗ്രസുകാരും എന്നായിരുന്നു ജലീലിന്റെ ചോദ്യം. പി കെ ഫിറോസിനെ പോലെ അല്ല എല്ലാ ലീഗുകാരും. അതുപോലെ എല്ലാ പൊലീസുകാരും പുഴുക്കുത്തുകളല്ല. പൊലീസ് അതിക്രമങ്ങൾ എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്നും ജലീൽ നിയമസഭയില്‍ പറഞ്ഞു.
അതേസമയം, ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളിൽ കുരുങ്ങിയ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പരോക്ഷമായി കുത്തി. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പെന്നായിരുന്നു പരാമർശം. ശിശു ജനന മരണനിരക്കുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഡാറ്റയുടെ അടിസ്ഥാനത്തിലാണ് മറുപടിയെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കേരളത്തിലെ ശിശുമരണനിരക്ക് അഞ്ച് ശതമാനമായി കുറയ്ക്കാൻ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു.
നിയമസഭയിൽ പിണറായി വിജയന്റെ പഴയ പ്രസംഗം ഓർമിപ്പിച്ച് റോജി എം ജോൺ എംഎൽഎ. പൊലീസ് എന്ത് കൊള്ളരുതായ്മ ചെയ്താലും അതിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ് അധപതനത്തിന് കാരണമെന്ന് ചർച്ച തുടങ്ങിവെച്ച റോജി എം ജോണ്‍ പറഞ്ഞു. അടിയന്തിരാവസ്ഥയിൽ തനിക്ക് നേരിടേണ്ടിവന്ന പൊലീസ് മര്‍ദനത്തെക്കുറിച്ച് പിണറായി വിജയൻ സഭയില്‍ നടത്തിയ പഴയ പ്രസംഗം ഉദ്ധരിച്ചാണ് റോജി പ്രസംഗം ആരംഭിച്ചത്. അതേ പിണറായിക്ക് കീഴിൽ ഇന്ന് പൊലീസ് ഗുണ്ടാപ്പട ആയി മാറിയെന്ന് റോജി ആരോപിച്ചു. ചർച്ചകൾക്ക് മുഖ്യമന്ത്രി മറുപടി പറയും.
